Friday, 31 January 2014


സബ്ടൈറ്റിലുകളുണ്ടാക്കുന്നതിനുള്ള വിവിധ സോഫ്റ്റ്​വെയറുകള്‍ ഗ്നു/ലിനക്സിലുണ്ട്. .mpg,.avi,.mp4,.flv എന്നിങ്ങനെ വ്യത്യസ്തങ്ങളായ വീഡിയോ ഫോര്‍മാറ്റുകള്‍ക്ക് മലയാളം , ഇംഗ്ലീഷ്, തുടങ്ങിയ ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. മിക്കവാറും സ്കൂളുകളില്‍ ഇപ്പോള്‍ മൂവീക്യാമറകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ മൂവീക്യാമറകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്കും സബ്ടൈറ്റിലുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ്. യുട്യൂബിലും മറ്റും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന അനവധി വീഡിയോകളുണ്ട്. എന്നാല്‍ ഇവ പലപ്പോഴും കുട്ടികള്‍ക്ക് അപ്രാപ്യമായ വിദേശ ഭാഷകളിലുള്ളവയായിരിക്കും. ഇവ മലയാളം സബ്ടൈറ്റിലുകളോടെ ക്ലാസുമുറികളില്‍കാണിക്കാന്‍ കഴിഞ്ഞാലോ? ഈ സോഫ്റ്റ്​വെയറിനെക്കുറിച്ച് ചുവടെ ഉദാഹരണസഹിതം വ്യക്തമാക്കിയിരിക്കുന്നു.

ഇത് എളുപ്പത്തില്‍ സാദ്ധ്യമാക്കുന്നതിനുള്ള സോഫ്റ്റ്​വെയറാണ് ഗ്നോം-സബ്ടൈറ്റില്‍സ് (gnome-subtitles). ഉബുണ്ടുവിലും ഡെബിയനിലും ഈ പാക്കേജ് ലഭ്യമാണ്. സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനായി System >> Administration >> Synaptic Package Manager എന്ന ക്രമത്തില്‍ പാക്കേജ് മാനേജര്‍ തുറന്ന് gnome-subtitles എന്ന് search-box ല്‍ ടൈപ്പു ചെയ്ത് പാക്കേജ് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്യുക.ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ് ബന്ധം ഇതിനാവശ്യമാണ്.
പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം , Applications >> sound and video >> Gnome Subtitles എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ ലഭ്യമാകുന്ന വിന്‍ഡോയില്‍ video >> open എന്ന ക്രമത്തില്‍ വീഡിയോ ഫയല്‍ തുറക്കുക.

തുടര്‍ന്ന് file >> new എന്ന ക്രമത്തില്‍ പുതിയ സബ്ടൈറ്റില്‍ ഫയല്‍ ഉണ്ടാക്കുക. ഈ വിന്‍ഡോയില്‍ "+ "(പ്ലസ്) , "-" (മൈനസ്) എന്നീ ചിഹ്നങ്ങള്‍ കാണാം. പ്ലസ് ചിഹ്നം പുതിയ വരി സബ്ടൈറ്റില്‍ ഉണ്ടാക്കുന്നതിനാണ്. മൈനസ് ചിഹ്നം ഉണ്ടാക്കിയ വരി ഡെലീറ്റു ചെയ്യുന്നതിനാണ്. വിന്‍ഡോയില്‍ താഴെ കാണുന്ന ചതുരത്തിനകത്താണ് നാം ഉദ്ദേശിക്കുന്ന (വീഡിയോയുടെ ഭാഗമായി കാണേണ്ട സബ്ടൈറ്റില്‍ )ടെക്സ്റ്റ് ടൈപ്പ് ചെയ്യേണ്ടത്. ഈ ചതുരത്തിനിടതു വശത്തായി From എന്നത് സബ്ടൈറ്റില്‍ കാണിച്ചു തുടങ്ങേണ്ട സമയവും, To എന്നത് സബ്ടൈറ്റില്‍ അവസാനിക്കുന്ന സമയവുമാണ്. 00:00:33.065 - എന്നതുകൊണ്ട് മണിക്കൂര്‍, മിനറ്റ്, സെക്കന്റ്, മില്ലി സെക്കന്റ് - എന്നിങ്ങനെ സമയം രേഖപ്പെടുത്തുന്നതാണ്.
ഇവിടെ നമുക്ക് ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്. മുകളില്‍ ഇടത്തു വശത്തായി കൊടുത്തിരിക്കുന്ന Length ,Time എന്നിവ യഥാക്രമം വീഡിയോയുടെ ദൈര്‍ഘ്യം, നാം കാണുന്ന വീഡിയോയുടെ അപ്പോഴത്തെ സമയം എന്നിവയെ സൂചിപ്പിക്കുന്നു. "Time" നോക്കി താഴെ From, To എന്നിവിടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. സബ്ടൈറ്റിലിന്റെ അടുത്ത വരി ടൈപ്പു ചെയ്യുന്നതിനായി വീണ്ടും പ്ലസ് ചിഹ്നത്തിലമര്‍ത്തുക. file >> save എന്ന ക്രമത്തില്‍ file name നല്കി , ഫയല്‍ സേവു ചെയ്യുക. subtitle format എന്നിടത്ത് .srt തിരഞ്ഞെടുക്കുക.
ഇംഗ്ലീഷിലുള്ള സബ്ടൈറ്റില്‍ ഫയലുകളും മറ്റും http://www.opensubtitles.org/ തുടങ്ങിയ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം. മുമ്പ് സൂചിപ്പിച്ച രീതിയില്‍ video >> open എന്ന രീതിയില്‍ വീഡിയോ ഫയല്‍ തുറക്കുക. file >> open എന്ന ക്രമത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഇംഗ്ലീഷിലുള്ള സബ്ടൈറ്റില്‍ ഫയല്‍ തുറക്കുക. file >> translation >> new എന്ന ക്രമത്തില്‍ പുതിയ വിവര്‍ത്തന ഫയല്‍ തുറക്കക. താഴെ ഇടത്തുവശത്തുള്ള ഇംഗ്ലീഷ് സബ്ടൈറ്റില്‍ വായിച്ച് , അതിന്റെ മലയാള വിവര്‍ത്തനം വലതുവശത്തുള്ള ബോക്സില്‍ ടൈപ്പു ചെയ്യുക. പുതിയ മലയാളം സബ്ടൈറ്റില്‍ ഫയല്‍ ഉചിതമായ പേരു നല്കി സേവ് ചെയ്യുക.

ഇനി മലയാളത്തില്‍ തയ്യാറാക്കിയ സബ്ടൈറ്റില്‍ ഫയല്‍ എങ്ങനെ വീഡിയോയോടൊപ്പം മീഡിയപ്ലെയര്‍ ഉപയോഗിച്ചു കാണാമെന്നു നോക്കാം. വീഡിയോ ഫയലിന്റെയും സബ്ടൈറ്റില്‍ ഫയലിന്റെയും പേര് ഒരുപോലെയായിരിക്കണം. ഉദാഹരണത്തിന് വീഡിയോ ഫയലിന്റെ പേര് video.flv എന്നാണെങ്കില്‍ സബ്ടൈറ്റില്‍ ഫയലിന്റെ പേര് video.srt എന്നായിരിക്കണം. രണ്ടു ഫയലുകളും ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക. മലയാളം സബ്ടൈറ്റിലുകള്‍ ശരിയായി പിന്തുണയ്ക്കുന്നത് Totem Movie Player ആണ്. അതിനാല്‍ ഫോള്‍ഡറില്‍ right click ചെയ്ത് open with >> Movie Player ക്ലിക്ക് ചെയ്യുക. മലയാളം അക്ഷരങ്ങള്‍ ശരിയായി കാണിക്കുന്നതിന് ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. തുറന്നിരിക്കുന്ന മൂവിപ്ലെയര്‍ വിന്‍ഡോയില്‍ edit >> preferences എന്നിങ്ങനെ preferences ജാലകം തുറന്ന് Load subtitle Files when movie is loaded എന്നതിന് ടിക്​മാര്‍ക്ക് നല്കുക. കൂടാതെ ഫോണ്ട് Rachana യാക്കി മാറ്റുക. സബ്ടൈറ്റില്‍ ഫോണ്ടിന്റെ സൈസിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുക.

ഒരിക്കല്‍ മൂവിപ്ലെയര്‍ പ്രിഫറന്‍സസില്‍ വരുത്തിയ മാറ്റങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടുന്നതുകൊണ്ട് പിന്നീട് വീഡിയോ കാണുമ്പോള്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല.വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്രസോഫ്റ്റ്​വെയറുകള്‍ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി പ്രാദേശികവത്കരണത്തിലൂടെ (മലയാളവത്കരണം) അറിവുകള്‍ വിനിമയം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് കരുതുന്നു.

സനല്‍കുമാര്‍ എം ആര്‍
എച്ച്. എസ്. എ (മലയാളം)
വി. എച്ച്. എസ്. എസ്. ഇരുമ്പനം.
തൃപ്പൂണിത്തുറ
എറണാകുളം.

0 Click here to comment:

Post a Comment