Thursday, 6 February 2014

സത്യത്തില്‍ ഇതാണ് കൂട്ടായ്മയുടെ വിജയം. സഹാനുഭൂതിയുള്ള ഒരു വിഭാഗം നമുക്കൊപ്പമുണ്ടെന്നു തെളിയിക്കുന്നൂ ഈ പോസ്റ്റും ഇതിനുള്ളിലെ മെറ്റീരിയലും. കാരണമറിയാമല്ലോ? മരത്തിലേക്കെറിഞ്ഞ ഒരു വടി പോലെയായിരുന്നു ഈ സംരംഭം. ബ്ലോഗിലൂടെ അധ്യാപക സമൂഹത്തിലേക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കുക. അവരില്‍ നിന്ന് ഒരു ചെറിയ വിഭാഗം മുന്നോട്ടു വന്നാല്‍ത്തന്നെ കാര്യം വിജയിക്കുമല്ലോ. ഇതിന് പ്രേരണയായത് കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇതേ മാതൃകയില്‍ തയ്യാറാക്കിയതു തന്നെയായിരുന്നു. ആരും മുന്നോട്ടു വന്നില്ലായിരുന്നെങ്കിലോ? കേരളത്തിലെ അധ്യാപകര്‍ തന്നെയാണ് മാത്സ് ബ്ലോഗിന്റെ ബലമെന്നു ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുകയായിരുന്നു. എല്ലാ വര്‍ഷവും ജനുവരി മാസത്തോടെ പത്താം ക്ലാസുകാര്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ഒരുക്കം പഠനസഹായി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ്. റിവിഷന്‍ കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് ഇനിയെന്ത് നല്‍കാനാകും എന്ന് ചിന്തിക്കുന്ന അധ്യാപകര്‍ക്ക് ഓരോ വര്‍ഷവും സഹായത്തിനെത്തുന്നത് ഒരുക്കം തന്നെയാണ്. എന്നാല്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന പല കുട്ടികളും അധ്യാപകരും ഒരുക്കത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ വേണമെന്ന് ആവശ്യപ്പെടാറുണ്ട്. ഈ ഘട്ടത്തിലാണ് ഇത്തരമൊരു ഇംഗ്ലീഷ് വേര്‍ഷന്‍ തയ്യാറാക്കുന്നതിനു വേണ്ടി മാത്​സ് ബ്ലോഗ് ശ്രമിക്കുന്നത്. 

കേരളത്തിന്റെ ഒരു അറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള അധ്യാപകരില്‍ സേവനസന്നദ്ധത പ്രകടിപ്പിച്ച 11 അധ്യാപകരെ സംഘടിപ്പിച്ച് ടീമുണ്ടാക്കുകയും അവരെക്കൊണ്ട് ഏതാനും ദിവസങ്ങള്‍ കൊണ്ട് ഒരുക്കം വിഭജിച്ചു നല്‍കി ഇംഗ്ലീഷ് വേര്‍ഷന്‍ ഉണ്ടാക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരക്ക് പിടിച്ച് ഇത്തരമൊരു വലിയ ജോലി ചെയ്തു തീര്‍ക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ഇതില്‍ പിശകുകള്‍ കണ്ടേക്കാം. അവ കണ്ടെത്തി ചൂണ്ടിക്കാട്ടാന്‍ അധ്യാപകരാണ് മുന്‍കൈയ്യെടുക്കേണ്ടത്. ഇത് കുറ്റമറ്റതാക്കുന്നതിന്റെ ചുമതലയും നമുക്ക് തന്നെയാണെന്നു മറക്കുകയുമരുത്. അത്തരത്തില്‍ പിഴവുകള്‍ തീര്‍ത്ത് ഈ സംരംഭം നമുക്ക് കുട്ടികളിലേക്കെത്തിക്കണം.

ഒരുക്കത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്ന ഈ പതിനൊന്ന് അധ്യാപകര്‍ക്കും മാത് സ് ബ്ലോഗ് അംഗങ്ങളുമായി യാതൊരു പരിചയവുമില്ല. അവരുടെ സേവനസന്നദ്ധതയേയും ഊര്‍ജ്ജസ്വലതയേയും മാത്ംസ് ബ്ലോഗ് അഭിനന്ദിക്കുന്നു. കാരണം, അവരുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റി വെച്ചാണ് പൊതുസമൂഹത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒരു തലമുറയിലെ ഒരു വിഭാഗത്തിനു വേണ്ടി അവര്‍ സമയം ചെലവഴിച്ചത്. നിസ്വാര്‍ത്ഥമായ ഈ പ്രവൃത്തിക്കുള്ള പുണ്യം കുട്ടികളുടെ സംതൃപ്തിയില്‍ നിന്നു ലഭിക്കുമെന്നതില്‍ സംശയമില്ല. ഈ സംരംഭത്തിന് സന്നദ്ധരായ ഈ അധ്യാപകരോട് നന്ദി പറഞ്ഞു കൊണ്ട് ഈ പുസ്തകം പത്താം ക്ലാസില്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കുന്നു.

Download Mathematics Orukkam 2014 (English Version)

0 Click here to comment:

Post a Comment