Friday 31 January 2014

മൂന്നക്ഷരങ്ങള്‍ ഉള്ളതും മൂന്ന് അനുസ്വാരങ്ങള്‍ ഉള്ളതുമായ ഒരു പദം കണ്ടെത്താമോ എന്ന നിസ്സാരമായ ഒരു ചോദ്യം ചോദിച്ചിട്ട് ആരും അതിന് ഉത്തരം നല്‍കിയില്ല എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ഖേദമുണ്ട്. ഇതോടൊപ്പം തന്നെ മറ്റൊരു ചോദ്യം കൂടി ഉണ്ടായിരുന്നല്ലോ.

പത്തു കൊണ്ട് ഹരിച്ചാല്‍ ഒന്‍പതും ഒന്‍പതു കൊണ്ട് ഹരിച്ചാല്‍ എട്ടും എട്ടു കൊണ്ട് ഹരിച്ചാല്‍ ഏഴും ഏഴു കൊണ്ട് ഹരിച്ചാല്‍ ആറും ആറ് കൊണ്ട് ഹരിച്ചാല്‍ അഞ്ചും അഞ്ച് കൊണ്ട് ഹരിച്ചാല്‍ നാലും നാലു കൊണ്ട് ഹരിച്ചാല്‍ മൂന്നും മൂന്നു കൊണ്ട് ഹരിച്ചാല്‍ രണ്ടും രണ്ടു കൊണ്ട് ഹരിച്ചാല്‍ ഒന്നും കിട്ടുന്ന സംഖ്യയേത് എന്ന ആ ചോദ്യവുമായി അപര്‍ണയും മരിയയും മുംതാസും ജാസ്മിനുമെല്ലാം ഏറെ നേരം മല്ലിട്ടു. ഒടുവില്‍ അവരെല്ലാം ഉത്തരം കണ്ടെത്തുകയും ചെയ്തു. ഒപ്പം നമ്മുടെ ബ്ലോഗില്‍ ആദ്യം ഉത്തരം നല്‍കിയത് മുരളീധരന്‍ സാറായിരുന്നു. അദ്ദേഹമത് അന്നു തന്നെ കമന്റു ചെയ്യുകയും ചെയ്തു. മുരളി സാറിന് അഭിനന്ദനങ്ങള്‍.

പക്ഷെ മൂന്ന് അനുസ്വാരങ്ങള്‍ വരുന്നതും മൂന്നക്ഷരം ഉള്ളതുമായ ഒരു പദം ആ ചോദ്യത്തോടൊപ്പമുള്ള പോസ്റ്റില്‍ നിന്നും കണ്ടെത്താനാവശ്യപ്പെട്ടിരുന്നു. പക്ഷെ ആരും ഉത്തരം നല്‍കിയില്ല. ചോദ്യം ചോദിച്ചവര്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്നതിനാല്‍ ഉത്തരവുമായി ഇതാ ഒരു പോസ്റ്റ്.


മൂന്നക്ഷരങ്ങള്‍ ഉള്ളതും മൂന്ന് അനുസ്വാരം വരുന്നതുമായ പദം = സംരംഭം
N=RK-1 എന്ന രൂപത്തിലായിരിക്കണം സംഖ്യ. ഇവിടെ 2,3,4,5,6,7,8,9 എന്നിവയുടെ ലഘുസാധാരണഗുണിതമാണ് (LCM) R.


K=1,2,3,4...
R=2520
N=2520-1
=2519


ഇതൊരു സൂത്രമാക്യമായി തന്നെയെടുക്കാം. ഇനി ഇതുപയോഗിച്ച് മറ്റു സംഖ്യകള്‍ കണ്ടെത്താവുന്നതേയുള്ളു. Mnemonic എന്ന വാക്കു കേട്ടിട്ടുണ്ടോ? ഏതെങ്കിലും വസ്തുതകള്‍ എളുപ്പത്തില്‍ ഓര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന കോഡ് വാക്കുകളെയാണ് Mnemonic അഥവാ സ്മൃതി സൂത്ര വാക്യം എന്നു വിളിക്കുന്നത്.

സൂര്യപ്രകാശത്തിലെ ഏഴുനിറങ്ങള്‍ ഓര്‍ത്തിരിക്കാന്‍ VIBGYOR എന്ന വാക്ക് പഠിച്ചിട്ടില്ലേ? അതിലെ ഓരോ അക്ഷരവും ഓരോ നിറത്തെ പ്രതിനിധാനം ചെയ്യുന്നു. (V-Violet, I-Intigo, B-Blue, G-Green, Y-Yellow, O-Orange, R-Red) . മലയാളവ്യാകരണത്തിലെ വിഭക്തികള്‍ ഓര്‍ത്തിരിക്കാന്‍ "നിപ്രസം ഉപ്രസം ആ" എന്ന സൂത്രവാക്യമാണ് ഉപയോഗിക്കുന്നത്. നി=നിര്‍​ദ്ദേശിക, പ്ര=പ്രതിഗ്രാഹിക, സം=സംയോജിക, ഉ=ഉദ്ദേശിക, പ്ര=പ്രയോജിക,, സം=സംബന്ധിക, ആ=ആധാരിക ഇങ്ങനെയാണ് അക്ഷരങ്ങളുടെ വിപുലീകരണം.


താഴെ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് വാക്യം അതു പോലെയുള്ള ഒരു സ്മൃതി സൂത്രവാക്യമാണ്. May I have a large container of coffee? ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വിലയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഏതാണാ വില?

0 Click here to comment:

Post a Comment